റെസ്റ്റോറന്‍റ് ജീവനക്കാരനും പെണ്‍കുട്ടിയുടെ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്.

ഗോവ: റെസ്റ്റോറന്‍റില്‍ ബോംബെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച 23 കാരി പിടിയില്‍. ഗോവയിലാണ് സംഭവം. മുംബൈ സ്വദേശിയായ പെണ്‍കുട്ടി അവധി ദിനം ആഘോഷിക്കാനായി ഗോവയിലെത്തിയതായിരുന്നു. റെസ്റ്റോറന്‍റ് ജീവനക്കാരനും പെണ്‍കുട്ടിയുടെ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്.

ഇതിന് പിന്നാലെ റെസ്റ്റോറന്‍റില്‍ ബോംബെന്ന വ്യാജ ഭീഷണി പെണ്‍കുട്ടി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് റെസ്റ്റോറന്‍റിലെത്തി. പിന്നീട് ഇത് വ്യാജ സന്ദേശമാണെന്ന് മനസിലാക്കുകയും പെണ്‍കുട്ടിയെ പിടികൂടുകയുമായിരുന്നു. റെസ്റ്റോറന്‍റ് മാനേജ്മെന്‍റിനെ ബുദ്ധിമുട്ടിക്കാനായി ചെയ്ത പണിയാണെന്ന് പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.