സംഭവം അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു
ലഖ്നൌ: വീടിന്‍റെ ഗേറ്റ് അടയ്ക്കാൻ മറന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. കടിച്ചെടുത്ത ചെവിയുടെ കഷ്ണം യുവതി വിഴുങ്ങുകയും ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.
ന്യൂ ആഗ്ര പ്രദേശത്ത് താമസിക്കുന്ന റിക്ഷയോടിക്കുന്ന രാംവീർ ബാഗേൽ ആണ് പരാതിക്കാരൻ. രാഖി എന്ന സ്ത്രീക്കെതിരെയാണ് പരാതി. താനും രാഖിയുടെ കുടുംബവും ഒരേ സ്ഥലത്താണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് രാംവീർ പറഞ്ഞു. സംഭവത്തെ കുറിച്ച് രാംവീർ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ-
മാർച്ച് 4 ന് മറ്റൊരു വാടകക്കാരന്‍റെ മകന് പരീക്ഷയായിരുന്നു. കുട്ടിയ കൊണ്ടുവിടാൻ രാവിലെ ആറ് മണിക്ക് ഇറങ്ങിയതാണ് താൻ. പോകുന്ന തിരക്കിൽ ഗേറ്റ് അടയ്ക്കാൻ വിട്ടുപോയി. ഇതോടെ രാഖി അസഭ്യം പറയാൻ തുടങ്ങിയെന്ന് രാംവീർ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ രാഖി കൂടുതൽ പ്രകോപിതയായി. തുടർന്ന് രാഖിയുടെ ഭർത്താവ് സഞ്ജീവ് എത്തി തന്നെ പിടിച്ചുവച്ചെന്നും രാംവീർ പറഞ്ഞു.
അതിനിടെ രോഷാകുലയായ രാഖി തന്‍റെ ചെവി കടിച്ചുമുറിച്ചെന്ന് രാംവീർ പറഞ്ഞു. തുപ്പാൻ പറഞ്ഞപ്പോള്‍ രാഖി കടിച്ചെടുത്ത ചെവിയുടെ കഷ്ണം വിഴുങ്ങിയെന്നും രാംവീർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 325, 506 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവം അസിസ്റ്റന്‍റ് കമ്മീഷണർ ആരിബ് അഹമ്മദ് സ്ഥിരീകരിച്ചു. കുറ്റാരോപിതയായ സ്ത്രീക്കെതിരെ നിയമ നടപടി ആരംഭിച്ചന്നും അദ്ദേഹം പറഞ്ഞു. രാഖി എല്ലാ ദിവസവും മറ്റ് വാടകക്കാരുമായി വഴക്കിടാറുണ്ടെന്നും രാംവീർ പറഞ്ഞു.
