ഹൈദരാബാദ്: ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അംബർപേട്ടിലാണ് സംഭവം. ശിവാനി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2014ലാണ് ശിവാനിയും സായ് സുകേതും തമ്മിൽ വിവാഹിതരായത്. കുറച്ച് കാലങ്ങൾക്ക് ശേഷം സ്ത്രീധനത്തിന്റെ പേരിൽ സായ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. കൂടാതെ സായിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിൽ ശിവാനി വളരെയധികം മനോവിഷമത്തിൽ ആയിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ശിവാനി.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശിവാനി മുറിയിൽ കയറി വാതിൽ അടച്ചു. പിന്നീട് അമ്മായിയമ്മ ശിവാനിയെ അത്താഴത്തിന് വിളിക്കാൻ പോയപ്പോഴാണ് ശിവാനിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ശിവാനിയുടെ മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിച്ചിട്ടുണ്ട്. ഭർത്താവിനും അമ്മക്കുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു.