റാഞ്ചി: മരുമകൾ തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി പ്രാർത്ഥന നടത്തിയ സ്ത്രീ ആശുപത്രിയിൽ.ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാനിലാണ് സംഭവം. ലക്ഷ്മി നിരാല എന്ന സ്ത്രീയെ ആണ് നാവ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. എൻഐടി ക്യാമ്പസിൽ വെച്ചാണ് ഇവർ നാവ് മുറിച്ചത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നിർബന്ധിച്ച് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് നാവ് മുറിച്ച്  സമർപ്പിച്ച് പ്രാർഥന നടത്തിയാൽ ജ്യോതി തിരിച്ചെത്തുമെന്ന് ചിലർ ലക്ഷ്മിയോട് പറഞ്ഞു. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർഥന നടത്തിയതെന്നും നന്ദുലാൽ പറഞ്ഞു.