മുംബൈ: പണം നൽകാൻ വിസമ്മതിച്ച അമ്മയെ മകൻ തീ കൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം അമ്മയോട് മകൻ പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ അമ്മ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ മകൻ അമ്മയെ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആശുപത്രിയില്‍ വച്ച് അവര്‍ മരണത്തിന് കീഴടങ്ങി.

അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.