ദില്ലി: ദില്ലിയില്‍ നാല് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് രണ്ടംഗ സംഘത്തെ നേരിട്ട് അമ്മ. ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഒറ്റയ്്ക്ക് ഇത് ചെറുത്തുതോല്‍പ്പിച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് പേര്‍ തടഞ്ഞുവച്ചതിനാല്‍ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന വ്യവസായിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു സഹോദരന്റെ ലക്ഷ്യം. 

കറുത്ത നിറത്തിലുള്ള പള്‍സറില്‍ വൈകീട്ട് നാല് മണിയോടെ ഇവര്‍ കുട്ടിയുടെ വീടിനടുത്തെത്തി. രണ്ട് പേരിലൊരാള്‍ നീല ഷര്‍ട്ടാണ് ധരിച്ചിരുന്നത്. അയാളുടെ പക്കല്‍ ഒരു ചുവന്ന ബാഗും ഉണ്ടായിരുന്നു. കുഞ്ഞുമായി നിന്ന സ്ത്രീയോട് ഇവര്‍ വെള്ളം ചോദിക്കുകയും സ്ത്രീയുടെ ശ്രദ്ധ മാറിയ ഉടനെ കുഞ്ഞിനെ വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

ബൈക്കിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബൈക്കുടമയെ കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നിലെന്ന് കണ്ടെത്തി.