ഏഴ് വയസുകാരനെ മുഖത്ത് ഭര്‍ത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളലേൽപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ദക്ഷിണ ദില്ലിയിലെ നെബ് സറായിലാണ് സംഭവം.
ദില്ലി: ഏഴ് വയസുകാരനെ മുഖത്ത് ഭര്‍ത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളലേൽപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ദക്ഷിണ ദില്ലിയിലെ നെബ് സറായിലാണ് സംഭവം. ഭര്‍ത്താവും യുവതിയുമായി കോടതിയിൽ വിവാഹമോചന കേസ് നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ഊഴമനുസരിച്ച് ഇരുവര്‍ക്കുമൊപ്പം മാറി മാറിയാണ് കുട്ടി താമസിക്കുന്നത്. ഇതിനിടയിൽ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന സമയത്ത് സിഗരറ്റ് കൊണ്ട് കവിളിൽ കുത്തി പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ടെന്നും ദില്ലി പൊലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വർഷം, മഹാരാഷ്ട്രയിലെ താനെയിൽ സമാനമായ റിപ്പോര്‍ട്ട് ചെയ്തിരുന്നു, അമ്മയെ കാണണമെന്ന് വാശി പിടിച്ച അഞ്ച് വയസ്സുള്ള മകനെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. ഭർത്താവും ഭാര്യയും വേർപിരിഞ്ഞ ശേഷം കുട്ടി പിതാവിനൊപ്പമായിരുന്നു താമസം.
Read more: അമിത ശബ്ദത്തിൽ ഡിജെ, വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു
അതേസമയം, യാത്ര ചെയ്യുന്നതിനിടെ ഊബർ ഓട്ടോയുടെ ഡ്രൈവർ തന്നെ അപമാനിച്ചെന്ന് മാധ്യമപ്രവർത്തകയുടെ പരാതി. സംഭവത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകയായ യുവതി ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ നിന്ന് ഊബർ ഓട്ടോയിൽ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിനോദ് കുമാർ എന്ന ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തന്നെ മോശമായ രീതിയിൽ യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.
