കൊൽക്കത്ത: രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. അജ്ഞാതനായ വ്യക്തി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് മുപ്പത്തഞ്ച് വയസ്സുളള സന്ധ്യ മാലു ന്ന യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് വീടിന് സമീപത്ത് നിന്നുള്ള മാൻഹോളിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു.  ഈസ്റ്റ് കൊൽക്കത്തയിലെ ബേലിയഘട്ടിലാണ് സംഭവം നടന്നത്. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സന്ധ്യ സമ്മതിക്കുകയായിരുന്നു. 

മകൾ സനയ മാലുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയായ സന്ധ്യ മാലുവിനെ അറസ്റ്റ് ചെയ്തു. കുഞ്ഞുണ്ടായത് മൂലം വളരെയധികം ക്ഷീണിതയായിരുന്നുവെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂട്ടി കമ്മീഷണർ അജോയ് പ്രസാദ് പറഞ്ഞു. താൻ തനിച്ചായിരുന്ന സമയത്ത് ഫ്ലാറ്റിനുള്ളിൽ അജ്ഞാതനായ ഒരുവൻ അതിക്രമിച്ച് കടന്നെന്നും അയാൾ തന്നെ തള്ളിയിട്ടപ്പോൾ ബോധരഹിതയായി താഴെ വീണെന്നും യുവതി പിന്നീട് നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നുമായിരുന്നു യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. 

കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാർ ഉറക്കെ ബഹളം വയ്ക്കുകയും കരയുകയും ചെയ്ത് തിരച്ചിൽ ഊർജ്ജിതമാക്കി. നാട ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കിയാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയുടെ സംസാരത്തിലെ പൊരുത്തക്കേടുകൾ വീക്ഷിച്ച പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന വിഷാദരോ​ഗം മൂലമാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ആവശ്യമെങ്കിൽ മനശാസ്ത്രവിദദ്ധന്റെ സഹായം യുവതിക്ക് ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.