ദില്ലി: പ്രായമായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊന്നു. വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദില്ലിയിലെ ഹാരി നഗറിലാണ് സംഭവം നടന്നത്. പവര്‍ ഡിസ്കോമില്‍ അസിസ്റ്റന്‍റ് പേഴ്സണല്‍ ഓഫീസറായ നീരു ബാഗ്ഗയെ തലയില്‍ മുറിവേറ്റ നിലയിലാണ് ശനിയാഴ്ച മായാപുരിയിലെ ഖസാന്‍ ബാസ്തിയില്‍ വച്ച് കണ്ടെത്തിയത്.  

ഹരിനഗറില്‍ 81 വയസ്സ് പ്രായമുള്ള അമ്മ സന്തോഷ് ഭാഗ്ഗയ്ക്കൊപ്പമാണ് നീരു താമസ്സിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന നീരുവിനെ ഇതിന്‍റെ പേരില്‍ അമ്മ കുറ്റപ്പെടുത്തിയിരുന്നുവെന്നും മറ്റൊരു വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച അമ്മയുമായി ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. സഹികെട്ട് ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. പൊലീസ് ഓഫീസര്‍ നീരുവുമായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയില്‍ തലപൊട്ടി ചോര ഒലിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി നീരുവിനെ അറസ്റ്റ് ചെയ്തു.