കൊൽക്കത്ത: കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ മകനെ കൊന്ന് ഭാര്യ ജീവനൊടുക്കി. പശ്ചിമ ബംഗാളിലാണ് സംഭവം. അംഗപരിമിതിയുള്ള മകനെ കൊലപ്പെടുത്തിയതിന് പിന്നാലെ മുപ്പത്തിയാറുകാരിയാണ് ആത്മഹത്യ ചെയ്തത്.

കുടുത്ത പനിയും ശ്വസന തടസ്സവും കാരണം ശനിയാഴ്ചയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇദ്ദേഹം മരിക്കുകയായിരുന്നു. പിന്നാലെ നടത്തിയ കൊവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. 

അന്ത്യകർമങ്ങൾക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയ യുവതി മകനെയും കൂട്ടി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു. കുറച്ച് കഴിഞ്ഞ് യുവതിയുടെ പിതാവ് ഭക്ഷണവുമായി ബന്ധുവിനെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് മുറിയുടെ ജനാല തകർത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയെ തൂങ്ങിമരിച്ച നിലയിലും മകൻ നിലത്ത് കിടുക്കുന്ന രീതിയിലും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ഭർത്താവിന്റെ മരണം താങ്ങാൻ കഴിയാതെയാണ് യുവതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.