ഗുവാഹത്തി: ഭര്‍ത്താവിന്‍റെ നിരന്തര മര്‍ദനത്തില്‍ സഹികെട്ട ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുറിച്ചു മാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച് കീഴടങ്ങി.  അസമിലെ മാസ്ഗോണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 55 കാരനായ മുധിരാമിനെയാണ് ഭാര്യ ഗുണേശ്വരി ബര്‍കതകി വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. 

കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഉപദ്രവിക്കുകയാണ്. കോടാലി ഉപയോഗിച്ച് നിരവധി തവണ എന്നെ ആക്രമിച്ചിട്ടുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മക്കളെ ഓര്‍ത്ത് മാത്രമാണ് ഇത്രയും കാലം പിടിച്ചു നിന്നത്. ഇപ്പോഴെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി-ഗുണേശ്വരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

രാത്രി ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാതെയാണ് കൊലപാതകം നടത്തിയതെന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സ്ത്രീയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.