മോതിരം നഷ്ടമായെന്ന് മനസിലാക്കിയപ്പോള്‍ തന്നെ അവര്‍ 112 എന്ന എമര്‍ജൻസി നമ്പറില്‍ ബന്ധപ്പെട്ടു. മാളില്‍ ഉടൻ എത്തിയ നോയ്ഡ പൊലീസ് ആറ് മണിക്കൂര്‍ കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി മോതിരം വീണ്ടെടുത്തത്.
നോയ്ഡ: അഞ്ച് ലക്ഷം വിലയുള്ള ഡയമണ്ട് മോതിരം നഷ്ടപ്പെട്ടതിന്‍റെ അന്വേഷണം മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി കയ്യടി നേടി നോയ്ഡ പൊലീസ്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള മാള്‍ ഓഫ് ഇന്ത്യയില്‍ വച്ചാണ് ദില്ലി സ്വദേശിനിയുടടെ വജ്രമോതിരം നഷ്ടമായത്. ഷഹ്ദാരയിൽ നിന്നുള്ള എസ്റ്റേറ്റ് ഡെവലപ്പറുടെ ഭാര്യയായ യുവതിയുടെ 70 വജ്രങ്ങൾ പതിച്ച മോതിരം കുട്ടിയുടെ ഡയപ്പർ മാറ്റാൻ വാഷ്റൂമിലേക്ക് പോയപ്പോള്‍ മറന്നു വയ്ക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
മോതിരം നഷ്ടമായെന്ന് മനസിലാക്കിയപ്പോള്‍ തന്നെ അവര്‍ 112 എന്ന എമര്‍ജൻസി നമ്പറില്‍ ബന്ധപ്പെട്ടു. മാളില്‍ ഉടൻ എത്തിയ നോയ്ഡ പൊലീസ് ആറ് മണിക്കൂര്‍ കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി മോതിരം വീണ്ടെടുത്തത്. മാളിലെത്തിയ ശേഷം സിസിടിവി പരിശോധിക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. വാഷ്റൂമില്‍ പോയ ശേഷം സിങ്കിന്‍റെ അവിടെ ഊരി വച്ച മോതിരം പിന്നീട് എടുക്കാൻ മറന്നതായിരിക്കുമെന്ന് പൊലീസ് മനസിലാക്കി.
മോതിരം നഷ്ടപ്പെട്ട സ്ത്രീ കുട്ടിയുടെ ഡയപ്പര്‍ മാറ്റുന്ന സമയത്ത് മറ്റൊരു സ്ത്രീയും വാഷ്റൂമില്‍ ഉണ്ടായിരുന്നു. ഈ മോതിരം കിട്ടിയത് ഈ സ്ത്രീക്കായിരുന്നു. മോതിരത്തിന്‍റെ ഉടമയായ സ്ത്രീയോട് മോതിരം നഷ്ടപ്പെട്ടോ എന്ന് ഈ സ്ത്രീ ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് മറുപടി കിട്ടിയത്. ഇതോടെ ഈ മോതിരവുമായി ആ സ്ത്രീ പോവുകയും ചെയ്തുവെന്ന് നോയ്ഡ എസിപി രജ്നീഷ് വെര്‍മ പറഞ്ഞു. പിന്നീട് മോതിരം നഷ്ടമായെന്ന് മനസിലാക്കി രാത്രി 10.30നാണ് ഉടമ പൊലീസിനെ വിവരം അറിയിക്കുന്നത്.
പൊലീസ് എത്തിയപ്പോഴേക്കും മാള്‍ അടയ്ക്കേണ്ട സമയമായപ്പോഴാണ് പൊലീസ് എത്തിയത്. ഞായറാഴ്ച ആയിരുന്നതിനാല്‍ മാളില്‍ വലിയ തിരക്കുണ്ടായിരുന്നു. പൊലീസ് എത്തിയ സമയം ആയപ്പോഴേക്കും പലരും മാളില്‍ നിന്ന് പോവുകയും ചെയ്തിരുന്നു. സിസിടിവി പരിശോധിച്ച പൊലീസ് മോതിരം ലഭിച്ച സത്രീ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വാഹനവുമായി പോയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താനായി. ഈ വാഹനത്തിന്‍റെ നമ്പര്‍ മനസിലാക്കി വിലാസം കണ്ടെത്തിയ പൊലീസ് ദില്ലിയിലെ ഗംഗനഗറിലാണ് ആ സ്ത്രീ താമസിക്കുന്നതെന്ന് കണ്ടെത്തി. പുലര്‍ച്ചെ അഞ്ചോടെ മോതിരം വീണ്ടെടുത്തെന്നും നടപടിക്രമങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച ഉടമയ്ക്ക് തിരികെ നല്‍കിയെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

