അഹമ്മദാബാദ്: പീഡനക്കേസ് പ്രതിയുടെ കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനിതാ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ അനുസരിച്ച് കുറ്റം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് അഹമ്മദാബാദ് വെസ്റ്റ് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആയ ശ്വേത ജഡേജ 35 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അഹമ്മദാബാദിലെ സ്വാകര്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറായ കേനാല്‍ ഷായില്‍ നിന്നാണ് ശ്വേത കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികളാണ് കേനാല്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കേനാലിനെതിരെ പിഎഎസ്എ വകുപ്പ് അനുസരിച്ച് കുറ്റം ചുമത്താതിരിക്കാന്‍ ഇയാളുടെ സഹോദരന്‍ ഭവേഷില്‍ നിന്നാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ലായിരുന്നു രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നത്. 

കൈക്കൂലിയെച്ചൊല്ലിയുള്ള വിലപേശലിനൊടുവില്‍ 20 ലക്ഷം രൂപ കൈക്കൂലിയായി ഇരുവരും സമ്മതിക്കുകയായിരുന്നു. ഒരു മധ്യസ്ഥന്‍ മുഖേനയാണ് ശ്വേത ഈ പണം കൈപ്പറ്റിയത്. പണ കൈപ്പറ്റിയ ശേഷം ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഫെബ്രുവരിയിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൈക്കൂലിയായി വന്‍തുക നല്‍കിയത്. വീണ്ടും വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാര്‍ ക്രൈം ബ്രാഞ്ചിനെ സമീപിച്ചത്. ശ്വേതയെ വെള്ളിയാഴ്ചയാണ് കൈക്കൂലി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 

ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ