ബെംഗലൂരു: സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്ത സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍ പിടിയില്‍. അതിക്രമത്തിന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായി. ഞായറാഴ് രാത്രിയില്‍ ഭര്‍ത്താവിന്‍റെ ജന്മദിനാഘോഷത്തിനിടയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. ബെംഗലൂരു കാസവനഹള്ളിയിലാണ് സംഭവം. പ്രതിയായ നിലഭ് നയന്‍ (26) എന്ന യുവാവിനെ പൊലീസ് പിടികൂടി.

24 കാരിയായ യുവതി, പ്രതിയുടെ സുഹൃത്തിനെയാണ് വിവാഹം ചെയ്തത്. ഭര്‍ത്താവിന്‍റെ ജന്മദിനമായ ഞായറാഴ്ച ഇരുവരും ആഘോഷത്തിനായി കാസവനഹള്ളിയിലെ സ്പോര്‍ട്സ് ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍ററിലെത്തിയതായിരുന്നു. പ്രതിയടക്കം ഭര്‍ത്താവിന്‍റെ നാല് സുഹൃത്തുക്കളുമായാണ് ആഘോഷത്തിനെത്തിയത്. തുടര്‍ന്ന് എല്ലാവരും ആഘോഷത്തിനായി മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ വിശ്രമിക്കാനായി റൂമില്‍ കയറി. ഞാന്‍ നന്നേ ക്ഷീണിച്ചിരുന്നു. ഈ സമയം ഭര്‍ത്താവും സുഹൃത്തുക്കളും ബാല്‍ക്കണിയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഉറക്കത്തില്‍ ആരോ സ്പര്‍ശിക്കുന്നതായി തോന്നി. എണീറ്റപ്പോള്‍ ഒരാള്‍ നഗ്നനായി നില്‍ക്കുന്നു. ഭര്‍ത്താവല്ലെന്ന് മനസ്സിലാക്കി ഞാന്‍ ഉടനെ ഒച്ചവെക്കാന്‍ ശ്രമിച്ചു. എന്നാല്‍, അയാള്‍ എന്‍റെ വായ് പൊത്തിപ്പിടിച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. പ്രതിയെ തിരികെ ആക്രമിച്ച യുവതി ഒച്ചവെച്ചതോടെ ഭര്‍ത്താവും കൂട്ടരും ഓടിയെത്തി. വാതില്‍ ഇയാള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു.

ഭര്‍ത്താവും കൂട്ടുകാരും സംഭവം അറിഞ്ഞതോടെ പ്രതി ബാത്ത് റൂമില്‍ കയറി ഒളിച്ചു. യുവതി എത്തി വാതില്‍ തുറന്ന് ഇവരോട് സംഭവം പറഞ്ഞു. ഉടന്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. മുറിയിലെ അറ്റാച്ച്ഡ് ബാത്ത് റൂമിലേക്ക് പോകും വഴിയാണ് ഇയാള്‍ യുവതി ബെഡ്ഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വാതില്‍ കുറ്റിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ബിഹാര്‍ സ്വദേശിയാണ്. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.