മുംബൈ: ഡേറ്റിം​ഗ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാ​ത്സം​ഗം ചെയ്ത് യുവാവ്. 26 കാരനായ അഭിജിത്ത് വാഘ് ആണ് കൃത്യം നടത്തിയത്. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പിംപിരി ചിൻച്വാദിലാണ് സംഭവം നടന്നത്. ഡിസംബർ 26ന് ഹിഞ്ചേവാദിയിലെ ഒരു ഹോട്ടലിൽ വച്ചാണ് വാഘ് യുവതിയെ കണ്ടുമുട്ടിയത്. ഇവിടെ വച്ച് ഇയാൾ യുവതിയെ നി‍‍ർബന്ധിച്ച് മദ്യം കഴിപ്പിച്ചു. തുടർന്ന് യുവതിയെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. 

തന്റെ സമ്മതമില്ലാതെ ഇയാൾ സ്ത്രീയോട് അടുത്തിടപഴകിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി എതിർത്തതോടെ ഇയാൾ യുവതിയെ മർദ്ദിച്ചു. കൈകാലുകൾ ഉപയോ​ഗിച്ചും ഷൂ ഉപയോ​ഗിച്ചും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വൈകീട്ട് നാല് മണിമുതൽ 11.30 വരെയുള്ള സമയത്തിനിടയിലാണ് സംഭവം നടന്നത്. പിന്നീട് സ്ത്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. 

പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്നും ഇയാളെ റിമാന്റ് ചെയ്ത് ജനുവരി രണ്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുവെന്നും പൊലീസ് ഇൻസ്പെക്ടർ വിവേക് മു​ഗ്ലിക‍ർ പറഞ്ഞു. ഡിസംബർ 25നാണ് ഇയാൾ ടിന്ററിലൂടെ യുവതിയെ പരിചയപ്പെടുന്നത്. തൊട്ടടുത്ത ദിവസം ഡിസംബർ 26നാണ് സംഭവം നടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.