ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിൽവെച്ച് 40കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വിധവയായ യുവതിയെ ക്രൂര ബലാത്സംഗത്തിനരയാക്കിയത്. വ്യാഴാഴ്ച രാത്രി, തന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ  ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രൂര പീഡനത്തിനിരയായ യുവതിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ പീഡിപ്പിക്കാന്‍ പ്രതികളെ സഹായിച്ചവരെക്കുറിച്ചും പൊലീസ്  അന്വേഷിക്കുന്നുണ്ട്.