ബെംഗളൂരു: പുലര്‍ച്ചെ ജോലിക്ക് പോകുകയായിരുന്ന 26 കാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തതായി പരാതി. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിയാണ് പീഡനത്തിനിരയായത്. ഗാർമെന്‍റ് ഫാക്ടറി ജീവനക്കാരിയായ യുവതി രാവിലെ 5.45 ന് താമസസ്ഥലത്ത് നിന്ന് ജോലി  സ്ഥലത്തേയ്ക്ക് ബസ് കയറുന്നതിനായി നടക്കുമ്പോൾ എതിരെ വന്ന അജ്ഞാതൻ യുവതിയുടെ മുഖം പൊത്തി റോഡരികിൽ നിർത്തിയിട്ടിരുന്ന ടാക്സിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ റോഡ് വിജനമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് പൊലീസിൽ പരാതി നൽകി. പരാതിക്കാരി നൽകിയ വിവരങ്ങളനുസരിച്ച് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് ഇലക്ട്രോണിക് സിറ്റി പൊലീസ് പറഞ്ഞു.