മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ അക്രമി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച അധ്യാപികയുടെ നില ഗുരുതരാസ്ഥയിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് ഇരുപത്തഞ്ചുകാരിയായ അധ്യാപിക. കോളെജിലെക്കുള്ള യാത്രാമധ്യേയാണ് ഇവരെ സ്ഥിരമായി പിന്തുടർന്നിരുന്ന വികാസ് ന​ഗ്രാലെ എന്നയാൾ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. അധ്യാപികയ്ക്ക് നാൽപത് ശതമാനത്തിലധികം പൊള്ളലുണ്ട്. 

''ആ​രോ​ഗ്യനിലയിൽ മാറ്റമൊന്നും പറയാറായിട്ടില്ല. അവസ്ഥ ഇപ്പോഴും ​ഗുരുതരമായി തന്നെ തുടരുകയാണ്. ഓക്സിജനിലൂടെയാണ് ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്നത്. ശബ്ദങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ തന്നെയാണ്.'' ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, അണുബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യത വിദ​ഗ്ധർ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയുടെ ചികിത്സയുടെ മേൽനോട്ടത്തിനായി നവി മുംബൈ ആസ്ഥാനമായുള്ള നാഷണൽ ബേൺസ് സെന്റർ ഡയറക്ടർ സുനിൽ കെസ്വാനി നാഗ്പൂരിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വളരെക്കാലമായി ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാഗ്പൂരിലെ ബുട്ടിബോറിയിലെ വ്യവസായ പ്രാന്തപ്രദേശത്ത് വച്ച് നാല് മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൃപ്തി ജാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിക്കുമെന്ന് വാർധ പൊലീസ് അറിയിച്ചു. 

ഇവർ  സുഹൃത്തുക്കളായിരുന്നുവെന്നും അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് യുവതിയും ന​ഗ്രാലും തമ്മിൽ തെറ്റിപ്പിരിഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. നാഗ്രാലെ വിവാഹിതനും ഏഴുമാസം പ്രായമുള്ള മകന്റെ പിതാവുമാണ്. ബൽഹർഷയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സൗഹൃദം ഉപേക്ഷിച്ചതിന് ശേഷം ഇയാൾ യുവതിയെ പിന്തുടരാറുണ്ടായിരുന്നു. ശല്യം സഹിക്കാൻ സാധിക്കാതെ കഴിഞ്ഞ വർഷം യുവതി ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം നാഗ്രാലെ കാരണം യുവതിയുടെ വിവാഹനിശ്ചയം മുടങ്ങിയിരുന്നു.