പൂനെ: ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ കണ്ണ് അജ്ഞാതന്‍ ചൂഴ്‌ന്നെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 37കാരിയുടെ കണ്ണുകളാണ് ബുധനാഴ്ച ചൂഴ്‌ന്നെടുത്തത്. രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി പുറത്തിറങ്ങിയ തന്നെ അപരിചിതനായ ആള്‍ കടന്നുപിടിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇവര്‍ വ്യക്തമാക്കി. ബലാത്സംഗ ശ്രമത്തെ തടഞ്ഞതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. 

യുവതി ഉറക്കെ ശബ്ദമുണ്ടാക്കിയത് കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പൂനെ റൂറല്‍ എസ്പി അഭിനവ് ദേശ്മുഖ് സംഭവസ്ഥലത്തെത്തുകയും പരിശഓധന നടത്തുകയും ചെയ്തു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.