ഭർത്താവ് വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് യുവതിയെ ഭർതൃവീട്ടുകാർ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ജയ്പൂർ: ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി പറയാനെത്തിയത് വിവസ്ത്രയായി. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. യുവതി നിരന്തരം ഭർതൃവീട്ടുകാരുടെ പീഡനത്തിന് ഇരയായിരുന്നതായി പൊലീസ് പറഞ്ഞു. 

ഭർത്താവ് വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് യുവതിയെ ഭർതൃവീട്ടുകാർ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം ഭർത്താവില്ലാതിരുന്നപ്പോൾ അമ്മായിയും നാത്തൂനും യുവതിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതോടെ ഇരുവരും യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

സംഭവ നടന്ന ഉടൻ തന്നെ യുവതി പൊലീസിൽ പരാതിപ്പെടാൻ എത്തുകയായിരുന്നു. അതേസമയം യുവതിയെ സഹായിക്കുന്നതിന് പകരം അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനാണ് ആളുകൾ തിടുക്കം കാട്ടിയതെന്ന് പൊലീസ് പറ‍ഞ്ഞു. യുവതി ഇപ്പോൾ പൊലീസിന്റെ സംരക്ഷണയിലാണ്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങൾ പകർത്തിയവർക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.