ഗുരുഗ്രാം: ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതി ഓഫീസ് കെട്ടിടത്തിന്‍റെ ടെറസില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് മാനേജ്‍മെന്‍റ് ഉറപ്പുനല്‍കിയതിന് ശേഷമാണ് ടെറസില്‍ നിന്നും യുവതി താഴെ ഇറങ്ങിയത്. ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ പ്രയാസത്തിലായിരുന്ന യുവതി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഓഫീസ് കെട്ടിടത്തിന്‍റെ ടെറസില്‍ യുവതി കയറുകയായിരുന്നു.

യുവതിയെ അനുനയിപ്പിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നുത് വീഡിയോയില്‍ കാണാം. എന്നാല്‍ യുവതി ഇയാളുടെ അനുനയ ശ്രമത്തിനൊന്നും വഴങ്ങുന്നില്ല. ടെറസിന്‍റെ അറ്റത്തിരുന്ന് യുവതി ഇയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിന് പിന്നാലെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചതോടെയാണ് യുവതി  ടെറസില്‍ നിന്നും താഴെ ഇറങ്ങിയത്.