ദില്ലി: സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണശാലയില്‍ പോയപ്പോഴുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് സ്വകാര്യ സ്ഥാപനത്തിലെ സിഇഒ ആയ വനിത. ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷിലെ സൈഡ് കാര്‍ എന്ന ആഡംബര ഭക്ഷണശാലയില്‍ എത്തിയതായിരുന്നു യുവതി. ദക്ഷിണ ദില്ലിയിലെ പ്രമുഖ ആഡംബര ബാര്‍ കൂടിയായ ഭക്ഷണശാലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ദില്ലിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സിഇഒ ആയ യുവതിക്കാണ് ദുരനുഭവം നേരിട്ടത്.
 
യുവതിയും സുഹൃത്തുക്കളും ഇരുന്ന കസേരക്ക് പിന്നില്‍ ഇരുന്ന യുവാവിന്‍റെ കൈകള്‍ തന്‍റെ തോളില്‍ വക്കുന്ന സ്ഥിതി വന്നപ്പോള്‍ സുഹൃത്തിന്‍റെ അടുത്തേക്ക് യുവതി നീക്കിയിട്ടു. ഇതോടെ പിന്നിലിരുന്ന യുവാവ് തന്നെ കസേരയോടെ നിലത്തേക്ക് തള്ളിയിട്ടു. സുഹൃത്തിന്‍റെ കയ്യില്‍ പിടിച്ച് എഴുന്നേറ്റ് എന്തിനാണ് തള്ളിയിട്ടതെന്ന് ചോദിച്ചതോടെ സംഘത്തിലുണ്ടായിരുന്ന യുവാവ് തന്‍റെ നേര്‍ക്ക് ആക്രോശിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെ കസേര തന്‍റെ നേര്‍ക്ക് തിരിച്ച് ഇട്ട ശേഷം കാലുകള്‍ വിടര്‍ത്തി സ്വകാര്യ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ച് അസഭ്യ വര്‍ഷവും  അശ്ലീലവുമായി സംസാരിച്ചുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കി. 

ഇത് കൂടാതെ വലത് കാല്‍ തന്‍റെ നേരെ നീട്ടിപ്പിടിച്ച ശേഷം ഇതില്‍ നക്കിത്തുടക്ക്, നിങ്ങള്‍ എന്‍റെ വേലക്കാരിയെ പോലെയാണ് കാണാന്‍, തെക്കന്‍ ദില്ലിയിലെ അമ്മായിമാരെല്ലാം ഇതുപോലെയാണ് എന്നും പറയാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂടി. ഇതോടെ ഭക്ഷണശാലയിലെ മാനേജര്‍ എത്തി യുവാക്കളെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ സംഘത്തിലെ രണ്ട് യുവാക്കള്‍ വീണ്ടുമെത്തി വീണ്ടും തങ്ങളുടെ കസേരയുടെ പിന്നില്‍ ഇരുന്നു. വീണ്ടും വീണ്ടും ഇവര്‍ പ്രകോപനപരമായി സംസാരിക്കാനും സഭ്യമല്ലാത്ത രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഇവര്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാനും ശ്രമിച്ചുവെന്ന് യുവതി പറയുന്നു. അന്തരീക്ഷത്തിലൂടെ ഇവര്‍ ചുംബനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭക്ഷണശാലയിലെ ജീവനക്കാര്‍ തങ്ങളോട് സഹകരിച്ചെങ്കിലും യുവാക്കള്‍ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാര്‍ക്കും മനസ്സിലാവാത്ത അവസ്ഥയായിരുന്നുവെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു. 

ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. ഇതോടെ യുവാക്കള്‍ ഹോട്ടലിന് വെളിയിലേക്ക് പോയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ ടാക്കൂര്‍ പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും  ദക്ഷിണ ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. സംഭവങ്ങള്‍ വിശദമാക്കി യുവതി സമൂഹമാധ്യമങ്ങളില്‍  കുറിച്ചിരുന്നു. ഇതിന് സൈഡ്കാര്‍ ഭക്ഷണശാല അന്വേഷണത്തോട് സഹകരിക്കുമെന്ന് മറുപടി നല്‍കിയിട്ടുണ്ട്.