അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടർന്ന് ഭർത്താവിനെ ഉലക്കയ്ക്ക് അടിച്ച് ഭാര്യ. അഹമ്മദാബാദിലെ നരോഡയിലാണ് വിചിത്രമായ സംഭവം നടന്നത്. ഭുപേന്ദ്ര ലിയോവ എന്ന യുവാവിനെയാണ് മകളുടെ സഹായത്തോടെ ഭാര്യ തല്ലിച്ചതച്ചത്. സംഭവത്തിന് പിന്നാലെ ഭാര്യ സംഗീത, ഇവരുടെ മകൾ ചിടല്‍ എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് പൊലീസ് കേസെടുത്തു.

എല്‍ഇഡി ലൈറ്റ് വില്‍പ്പനക്കാരനായിരുന്നു ഭുപേന്ദ്ര. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കച്ചവടം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ബില്ലടക്കാൻ പണമില്ലാത്തതിനാൽ വീട്ടിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. സംഭവ ദിവസം രാത്രി ഫാൻ ഇല്ലാത്തതിനാൽ കൊതുകിന്റെ ശല്യം രൂക്ഷമാണെന്ന് സംഗീത ഭർത്താവിനോട് പറഞ്ഞു. തന്റെ അടുത്ത് വന്ന് കിടന്നാല്‍ കൊതുകിന്റെ ശല്യം ഉണ്ടാകില്ലെന്ന് ഭുപേന്ദ്ര സംഗീതയോട് തമാശയായി പറഞ്ഞു.

ഇതിൽ ക്ഷുഭിതയായ സം​ഗീത അടുക്കളയിൽ നിന്ന് ഉലക്ക കൊണ്ടുവന്ന് ഭുപേന്ദ്രയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യക്കൊപ്പം മകളും തന്നെ അലക്കുവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഭുപേന്ദ്ര പൊലീസിനോട് പറഞ്ഞു. നിലവിളികേട്ട അയൽവാസികൾ ഭുപേന്ദ്രയുടെ സഹോദരന്‍ മഹേന്ദ്രയെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മഹേന്ദ്രയും അയൽവാസികളും ചേർന്നാണ് ഭുപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭുപേന്ദ്രയുടെ വലത് കണ്ണിന് മുകളിൽ അഞ്ച് തയ്യലുള്ളതായി പൊലീസ് അറിയിച്ചു.  ഭുപേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  സം​ഗീതയ്ക്കും മകൾക്കുമൊതിരെ പൊലീസ് കേസെടുത്തത്.