Asianet News MalayalamAsianet News Malayalam

കുടിവെള്ളത്തിനായി തർക്കം; ഒടുവിൽ വീട്ടമ്മയുടെ ഇരുചെവികളും അറുത്തുമാറ്റി അയൽവാസികൾ

സംഭവം നിർഭാ​ഗ്യകരമാണെന്ന് ഹൽക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അപ്പോജി ഗൗഡ പറഞ്ഞു. ഗ്രാമത്തിൽ കുടിവെള്ള ക്ഷാമമില്ലെന്നും നാല് പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

women chops off ears of neighbour after fight drinking water
Author
Bengaluru, First Published May 16, 2019, 6:50 PM IST

ബംഗളൂരു: കുടിവെള്ളത്തിനായുള്ള തർക്കത്തിനൊടുവിൽ വീട്ടമ്മയുടെ ഇരുചെവികളും അറുത്തുമാറ്റി അയൽവാസികൾ. കർണാടക കോളാറിലെ ബംഗാർപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ദ്രാണി (40)എന്ന സ്ത്രീക്കാണ് ഇരുചെവികളും നഷ്ടമായത്. അയൽവാസികളായ യശോദാമ്മ, ശശി, ബസവരാജപ്പ, സന്തോഷ്, ഹോസരായപ്പ എന്നിവരാണ് ഇന്ദ്രാണിയെ ആക്രമിച്ചത്. 

മെയ് ഏഴിന് ഇന്ദ്രാണി പൊതുടാപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കാനായി എത്തിയപ്പോൾ യശോദാമ്മയും അവിടെ വെള്ളമെടുക്കാൻ എത്തിയിരുന്നു. ഒരാൾ നാല് കുടം വെള്ളം മാത്രമേ  പൊതുടാപ്പിൽ നിന്ന് ശേഖരിക്കാൻ പാടുള്ളുവെന്നാണ് പ്രദേശത്തെ വ്യവസ്ഥ. എന്നാൽ യശോദാമ്മ എട്ട് കുടവുമായാണ് വെള്ളം എടുക്കാൻ എത്തിയത്. തുടർന്ന്  വെള്ളം എടുക്കാൻ ശ്രമിക്കുന്നതിനിടെ യശോദാമ്മ, ഇന്ദ്രാണിയുടെ കുടം ദൂരേക്ക് വലിച്ചെറിഞ്ഞു.

ഇത് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേയ്ക്കും നയിക്കുകയായിരുന്നു. പിടിവലിക്കിടെ യശോദാമ്മയുടെ ചെവിക്ക് സാരമായി പരുക്കേറ്റു. തുടർന്ന് ​ഗ്രാമവാസികൾ ചേർന്ന് സംഘർഷം ഒത്തുതീർപ്പാക്കി. എന്നാൽ നാല് ദിവസത്തിന് ശേഷം യശോദാമ്മയും മറ്റു നാലുപേരും ചേർന്ന് ഇന്ദ്രാണിയെ പിടിച്ചുനിർത്തി ബ്ലേഡ് ഉപയോഗിച്ച് ഇരുചെവികളും അറുത്തെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിളി കേട്ടെത്തിയ ​ഗ്രാമവാസികളും ഭർത്താവും ചേർന്ന് ഇന്ദ്രാണിയെ ആശുപത്രിയിലെത്തിച്ച് ചെവികൾ തുന്നിച്ചേർത്തു.

സംഭവം നിർഭാ​ഗ്യകരമാണെന്ന് ഹൽക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അപ്പോജി ഗൗഡ പറഞ്ഞു. ഗ്രാമത്തിൽ കുടിവെള്ള ക്ഷാമമില്ലെന്നും നാല് പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios