Asianet News MalayalamAsianet News Malayalam

സ്ത്രീധനത്തിൽ ബാക്കിയായ 2 പവന് വേണ്ടി പീഡനം; യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ

വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.

women commits suicide after dowry harassment in idukki, husbands arrested
Author
First Published Sep 14, 2022, 9:09 AM IST

ഇടുക്കി: ഇടുക്കി വളകോട്ടിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷിന്‍റെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരൻ ആരുൺ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്. 

Read more: പത്ത് മാസം മുമ്പ് വിവാഹം, രണ്ടാഴ്ചത്തെ പിണക്കം മാറി തിരിച്ചെത്തി, അടുത്ത ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ

പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്‍റെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് അമ്മയും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബിഷിന്‍റെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തുന്ന ജോബിഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവ‍ർ പൊലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. കേസിന്‍റെ അന്വേഷണം ഇന്നലെ പീരുമേട് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.

Follow Us:
Download App:
  • android
  • ios