രാജകുമാരി: ഇടുക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ മുൻ കാമുകനെ യുവതി വെട്ടികൊലപ്പെടുത്തി. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്.  ബോഡിനായ്ക്കന്നൂർ നന്ദവനം തെരുവിൽ വളർമതിയെ(35)  പൊലീസ് അറസ്റ്റ് ചെയ്തു.  വാക്കത്തി മൂലമുള്ള 20ലേറെ വെട്ടുകളാണ് രാജന്‍റെ ശരീരത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 31 വയസായിരുന്നു.

 ബിഎൽ റാം സ്വദേശിയായ രാജൻ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നിൽക്കുന്ന വ്യക്തിയാണ്.  നേരത്തെ വളർമതിയും  ബിഎൽ റാമിലായിരുന്നു. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം 2 പെൺമക്കളോടൊപ്പം ബോഡിനായ്ക്കന്നൂരിൽ ആണ്  താമസം.  വളർമതിക്ക് ബിഎൽ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്.  

വളർമതി രാജന് ജീപ്പിൽ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. അധികം വൈകാതെ ഇവര്‍ പ്രണയത്തിലായി. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോൾ  രാജനിൽ നിന്ന് വളര്‍മതി അകലം പാലിച്ചു. ഇതോടെ ക്ഷുഭിതനായ രാജന്‍ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു. രാജൻ വീട്ടിൽ എത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കി.  

ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളർമതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും  സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു. അർധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വളർമതി  വാക്കത്തി ഉപയോഗിച്ച്  പല തവണ വെട്ടി. 

രാജൻ തൽക്ഷണം മരിച്ചു.  വളർമതി  തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്‍റെ മൃതദേഹം  ഗവ.ആശുപത്രിയിലേക്ക് മാറ്റി.  ബോഡിനായ്ക്കന്നൂർ പൊലീസ് വളർമതിയെ കോടതിറിമാൻഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.