Asianet News MalayalamAsianet News Malayalam

സ്വകാര്യ ഭൂമിയിൽ റോഡ് ‍നിർമ്മാണം; തടഞ്ഞ സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി, വലിച്ചിഴച്ച് മർദ്ദിച്ചു

തന്റെ കുടുംബത്തിന് അവകാശപ്പെട്ട സ്ഥലത്ത് റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിനാണ് സർക്കാറും മറ്റ് നാല് പേരും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചതെന്ന് ദാസ് പരാതിയിൽ പറയുന്നു.

women physically assaulted by political leader and friend
Author
West Bengal, First Published Feb 3, 2020, 10:10 AM IST

ബം​ഗാൾ: സ്വകാര്യ ഭൂമിയിൽ നിന്ന് റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധിച്ച സഹോദരിമാരെ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നേതാവും സഹായികളും ചേർന്ന് കെട്ടിയിട്ട് വലിച്ചിഴച്ച് മർദ്ദിച്ചതായി പരാതി. വടക്കൻ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലാണ് സംഭവം. മർദ്ദനമേറ്റവരിൽ ഒരാളായ സ്മൃതി കാന ദാസ് (29) എന്ന യുവതി സംഭവത്തെക്കുറിച്ച് ഞായറാഴ്ച പോലീസിൽ പരാതി നൽകി. യുവതികളെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ടിഎംസി പഞ്ചായത്ത് നേതാവ് അമൽ സർക്കാറിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും ഗംഗരാംപൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പൂർണേന്ദു കുമാർ  പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ കുടുംബത്തിന് അവകാശപ്പെട്ട സ്ഥലത്ത് റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിനാണ് സർക്കാറും മറ്റ് നാല് പേരും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചതെന്ന് ദാസ് പരാതിയിൽ പറയുന്നു. “ഇരുമ്പ് റോഡുപയോഗിച്ച് അവർ എന്റെ തലയിൽ അടിക്കാൻ ശ്രമിച്ചു. പക്ഷേ ആക്രമണത്തിൽ‌ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. താഴെ വീണപ്പോൾ അവർ കാലുകൾ ഒരു കയർ ഉപയോ​ഗിച്ച് കെട്ടിയിട്ട് എന്നെ 30 അടിയോളം വലിച്ചിഴച്ചു. മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.” ദാസ് പറഞ്ഞു.

സ്മൃതി കാന ദാസിനെ ആക്രമിക്കുമ്പോൾ സഹോദരി ഷോമ ദാസ് പ്രതിഷേധിച്ച് രക്ഷിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഷോമയെയും അക്രമികൾ കൈയേറ്റം ചെയ്യുകയും സ്വർണ്ണമാലയും മൊബൈലും തട്ടിയെടുക്കുകയും ചെയ്തു. ഷോമ നിലത്തു വീണപ്പോൾ അവരുടെയും കാലുകൾ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. കൂടാതെ അടിക്കുകയും തൊഴിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തെ അപലപിച്ച് ബലൂർഘട്ടിൽ നിന്നുള്ള ബിജെപി എംപി സുകന്ത മജുംദാർ പറഞ്ഞു: “വളരെ പ്രാകൃതമായ പ്രവർത്തിയാണിത്. ഒരു പരിഷ്‌കൃത സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നമുക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എത്രയും പെട്ടെന്ന് ഇവരെ അറസ്റ്റ് ചെയ്യണം. സർക്കാരിനെ അപ്പോൾത്തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ടിഎംസി സൗത്ത് ദിനാജ്പൂർ ജില്ലാ പ്രസിഡന്റ് അർപിത ഘോഷ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios