റായ്പൂർ: ബലാത്സംഗ ശ്രമത്തെ ചെറുത്തുനിന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മൂന്നംഗ സംഘം. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്പുരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പട്ട്  മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശരദ് മാസിഹ്, പ്രിതം പൈക്ര, സരോജ് ഗോഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 6നാണ് സംഭവം നടന്നത്. 27കാരി വീട്ടിൽ തനിച്ചായിരുന്ന സമയം മൂന്നം​ഗ സംഘം വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിക്രമം യുവതി ചെറുത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഘം ഓടി രക്ഷപ്പെട്ടു.

ഇതിനിടെ തൊട്ടടുത്ത മുത്തച്ഛന്റെ വീട്ടിലായിരുന്ന ഭര്‍ത്താവ് യുവതിയുടെ നിലവിളി കേട്ടാണ് വീട്ടിലെത്തിയത്. പിന്നാലെ ഇയാളും അയല്‍ക്കാരും ചേര്‍ന്ന് തീ അണച്ച ശേഷം യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.