ചണ്ഡിഗഡ്: വിവാഹത്തിന് മൂന്ന് ദിവസം ബാക്കി നിൽക്കെ മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇരുപത്തി ഒമ്പതുകാരിയെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവ​ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വിശ്വകർമ പുരി പ്രദേശത്തെ യുവതിയുടെ വസതിയിൽ അതിക്രമിച്ച് കയറി ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 17 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

വിവാഹത്തിന്റെ ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന ബന്ധുക്കൾ യുവതിയുടെ നിലവിളി കേട്ടാണ് ശുചിമുറിയിലെത്തിയത്. ഉടൻ തന്നെ തീ അണച്ച് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പിതാവ് ഹർജിന്ദർ സിംഗ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് അവർ കണ്ടതായും അദ്ദേഹം പൊലീസിന് മൊഴി നൽകി.

അതേസമയം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശായാസ്പദമായി ആരും വീട്ടിൽ പ്രവേശിക്കുന്നത് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.