ബെംഗളൂരു: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു തയ്യാറാവാതിരുന്ന യുവതിയെ നാൽപ്പത്തിയെട്ടുകാരൻ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ഗായത്രി നഗർ സ്വദേശിയായ മഞ്ജുളയാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ മാണ്ഡ്യ കെആർ പേട്ട് സ്വദേശിയായ മുകുന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്ന ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെ മജെസ്റ്റിക് ബസ് സ്റ്റാൻഡിനു സമീപമെത്തിയ മുകുന്ദ് ലൈംഗികത്തൊഴിലാളിയായ മഞ്ജുളയെ കണ്ടുമുട്ടുകയായിരുന്നു. തുടർന്ന് 1500 രൂപ നൽകാമെന്ന് വാഗ്ദാനം നൽകി മഞ്ജുളയെ കൂടെകൂട്ടി. ഈ സമയം 500 രൂപ അഡ്വാൻസ് ആയി പ്രതിയിൽ നിന്ന് മഞ്ജുള കൈപ്പറ്റിയിരുന്നു. ശേഷം ഇരുവരും ചേർന്ന് ഓട്ടോയിൽ കയറി മഞ്ജുളയുടെ വീട്ടിലെത്തി.

ഇവിടെവച്ചാണ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു പ്രതി മഞ്ജുളയെ നിർബന്ധിച്ചത്. എന്നാൽ ഇതിന് വിസമ്മതിച്ച മഞ്ജുളയെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. വൈകിട്ട് മൂന്നരയോടെ മഞ്ജുളയുടെ മകൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയതിനുശേഷമാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മുകുന്ദ് കൊല നടത്തി കടന്നുകളയുകയായിരുന്നു.

500 രൂപയ്ക്ക് പുറമേ 1000 രൂപ കൂടി താൻ മഞ്ജുളയ്ക്കു നൽകിയതായി പ്രതി പൊലീസിനോട് പറഞ്ഞു. മഞ്ജുള തന്നെ പറഞ്ഞുപറ്റിക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ബഹളം വയ്ക്കുകയും ചെയ്തതാണ് തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തന്റെ ബാ​ഗിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ചാണ് മഞ്ജുളയെ കൊലപ്പെടുത്തിയതെന്നും പ്രതി വ്യക്തമാക്കി. വയറ്റിലും കഴുതിലുമാണ് കുത്തിയത്. പിന്നീട് മരിച്ചെന്ന് ഉറപ്പുവരുത്തിയതിനുശേഷം സ്വർണ്ണമാലയെന്നു കരുതി മഞ്ജുളയുടെ കഴുതിൽ കിടന്ന മാലയും മൊബൈലും മോഷ്ടിച്ചാണ് പ്രതി സ്ഥലംവിട്ടതെന്നും പൊലീസ് പറഞ്ഞു.

ഇലക്ട്രോണിക് സിറ്റിയിലെ മൾട്ടിനാഷണൽ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായ മുകുന്ദ്. സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷം മജെസ്റ്റിക്കിൽ മഫ്ടിയിൽ എത്തിയ പൊലീസുകാരാണ് സിസിടിവിയുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. അറസ്റ്റിലായ മുകുന്ദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ സുബ്രഹ്മണ്യനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.