കടയിലെ മുൻ ജീവനക്കാരനായിരുന്ന റിയാസ് നേരത്തെ റിൻസിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ കടയിൽ നിന്ന് റിൻസി ഇയാളെ ഒഴിവാക്കി. റിയാസിന്റെ ശല്യത്തെക്കുറിച്ച് പൊലീസിലും റിൻസി നേരത്തെ പരാതിപ്പെട്ടിരുന്നു.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട്ടെ തുണിക്കട ഉടമ റിൻസിയുടെ (Textile Shop Owner rincy )കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് റിൻസിയെ സ്വന്തം കടയിലെ മുൻ ജീവനക്കാരനായ റിയാസ് ഇരുട്ടിന്റെ മറവിൽ വെട്ടിനുറുക്കിയത് (Hacked to Death ). തലയിലും കഴുത്തിലുമടക്കം 30 തിലേറെ വെട്ടുകളാണ് റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്. കൈവിരളുകൾ അറ്റുവീണു. 

എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തി വരികയായിരുന്നു റിൻസി. ഇന്നലെ രാത്രി ഏഴരയ്ക്ക് കട അടച്ച് മക്കളോടൊപ്പം സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് ഇവരെ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. അ‍ഞ്ചും പത്തും വയസ്സുളള കുട്ടികളുടെ കരച്ചില്‍ കേട്ട് റോഡിലൂടെ പോകുകയായിരുന്നവർ ഓടിയെത്തി. അവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന അക്രമി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് റിൻസിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടുകളാണ് റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൂന്നൂ കൈ വിരലുകൾ അറ്റനിലയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. 

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട റിയാസിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കടയിലെ മുൻ ജീവനക്കാരനായിരുന്ന റിയാസ് നേരത്തെ റിൻസിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ കടയിൽ നിന്ന് റിൻസി ഇയാളെ ഒഴിവാക്കി. റിയാസിന്റെ ശല്യത്തെക്കുറിച്ച് പൊലീസിലും റിൻസി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് റിയാസിനെ താക്കീസ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. 

റിൻസി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തി.സംഭവ സ്ഥലത്ത് രക്തം തളം കെട്ടി നിന്നിരുന്നു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ്‌ സ്ക്വാഡും തെളിവെടുപ്പ് നടത്തി.