നോയിഡ: മാസശമ്പളം ആവശ്യപ്പെട്ട യുവതിക്ക് ആൾക്കൂ‍ട്ട മർ‌ദ്ദനം. ഉത്തർപ്രദേശിലെ നോയിഡയിലെ നോളഡ്ജ് പാർക്കിൽ വച്ചാണ് ഒരുകൂട്ടം യുവാക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവാക്കൾ യുവതിയുടെ മുടി പിടിച്ച് വലിച്ചിഴയ്ക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

നോയിഡയിലെ ഒരു സലൂണിൽ ജോലി ചെയ്ത് വരുകയായിരുന്നു യുവതി. ജോലിയിൽ പ്രവേശിച്ചതിനുശേഷം ആദ്യത്തെ മാസത്തെ ശമ്പളത്തിന്റെ പകുതി മാത്രമേ യുവതിക്ക് ലഭിച്ചിരുന്നുള്ളു. രണ്ടാമത്തെ മാസത്തെ ശമ്പളം വാങ്ങാൻ ഉടമയുടെ അടുത്ത് പോയപ്പോൾ കഴിഞ്ഞ മാസത്തെ ശമ്പളത്തെക്കുറിച്ച് യുവതി ചോദിച്ചു. എന്നാൽ ശമ്പള കുടുശ്ശികയെക്കുറിച്ച് ചോദിച്ച യുവതിക്ക് നേരെ അയാളും സുഹൃത്തുക്കളും അസ​ഭ്യവർഷം നടത്തുകയായിരുന്നു.  

തുടർന്ന് ഒരുകൂട്ടം യുവാക്കൾ ചേർന്ന് യുവതിയെ നടുറോഡിലേക്ക് വലിച്ചിഴയ്ക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നോളഡ്ജ് പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തുകയും അക്രമികൾക്കെതിരെ പരാതി നൽകുകയും ചെയ്തു. അതേസമയം സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും  പൊലീസ് പറഞ്ഞു.