നെയ്യാറ്റിൻകര ചന്തയിൽ മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നെയ്യാറ്റിൻകര സ്വദേശി സജീബിന് പരിക്കേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകര ചന്തയിൽ മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നെയ്യാറ്റിൻകര സ്വദേശി സജീബിന് പരിക്കേറ്റു. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് അന്വേഷണം നടത്തി വരികയാണ്.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശി സജീബിന് നെരെയാണ് ആക്രമണമുണ്ടായത്. നൗഷാദ്,നിസാം, അബൂസാഗർ, അസീസ് എന്നിവരുൾപ്പെട്ട നാലംഗംസംഘം തന്നെ മ‍ർദ്ദിച്ചെന്നാണ് സജീബിന്റെ പരാതി. 

നെയ്യാറ്റിൻകര ചന്തയിലേക്ക് മത്സ്യം കയറ്റിവന്ന വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സജീബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സജീബും മറ്റൊരാളും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായെന്നും ഇതിന്റെ തുടർച്ചയായാണ് സംഘർഷമുണ്ടായതെന്നുമാണ് പൊലിസ് പറയുന്നത്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. സജീബിൻറെ മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും നെയ്യാറ്റിൻകര പൊലിസ് അറിയിച്ചു. ഇതിനിടെ പ്രതികളെ പൊലിസ് പിടിച്ചുശേഷം വിട്ടയച്ചതാണെന്ന് ആരോപിച്ച് സജീബിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.