പത്തനാപുരം: അമ്പത്തിയാറുകാരിയെ വാട്ട്സ്ആപ്പിലൂടെ   നിരന്തരമായി പ്രണയാഭ്യര്‍ത്ഥനയും അശ്ലീല സന്ദേശവും അയച്ച് ശല്യപ്പെടുത്തിയ 26കാരനെ പൊലീസ് പിടികൂടി. നാല് വര്‍ഷമായി തുടരുന്ന ഉപദ്രവത്തിലാണ് ഒടുവില്‍ വീട്ടമ്മ പൊലീസിനെ സമീപിച്ചത്. മൂന്നൂറോളം മെസേജുകളാണ് യുവാവ് വീട്ടമ്മയ്ക്ക് അയച്ചത്. ഇതില്‍ ഭൂരിഭാഗവും അശ്ലീല ചുവയോടെ. സ്റ്റേഷനില്‍ യുവാവിനെ വിളിച്ചുവരുത്തി. ശേഷം 56 കാരിയെ നോക്കി യുവാവിനെ കൊണ്ട് പോലീസ് അമ്മേ എന്ന് വിളിപ്പിച്ച് ഏത്തമിടിക്കുകയാണ് ചെയ്തത്.

സംഭവം ഇങ്ങനെ,  കഴിഞ്ഞ ദിവസം വീട്ടമ്മ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരു്‌നു. തന്‍റെ മൊബൈലിലേക്ക് നിരന്തരം ഒരു നമ്പറില്‍ നിന്നും അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നു എന്നായിരുന്നു പരാതി. . സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ലീല സന്ദേശങ്ങള്‍ നിരവധി തവണ അയച്ചിരിക്കുന്നതായി കണ്ടു. ഇതോടെ പത്തനാപുരം സിഐ അന്‍വര്‍ പരാതിക്കാരിയുടെ ഫോണില്‍ നിന്നും വനിത പോലീസിനെ കൊണ്ട് വിളിപ്പിച്ചു. 

ഫോണ്‍ എടുത്ത യുവാവിനോട് ഒന്ന് കാണാന്‍ പറ്റുമോ എന്നാണ് പൊലീസ് ചോദിച്ചത്. വിളിക്കുന്നത് വീട്ടമ്മയാണ് എന്ന് കരുതിയ യുവാവ് ഇതാ എത്തിയെന്നാണ് മറുപടി നല്‍കിയത്. വഴിയില്‍ കാത്ത് നിന്ന പോലീസ് യുവാവിനെ പിടികൂടി അരമണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരി ഞെട്ടി. 

വീട്ടമ്മയ്ക്ക് അടുത്തറിയാവുന്ന പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ 26 വയസുകാരനാണ് സംഭവത്തിലെ വില്ലന്‍. താന്‍ കുരുക്കിലായി എന്ന് അറിഞ്ഞതോടെ യുവാവ് പരിഭ്രമത്തിലായി. സിഐയുടെ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. ഭയന്ന യുവാവ് വിദേശത്ത് ജോലി ശരിയായി ഇരിക്കുകയാണെന്നും കേസെടുക്കരുതെന്നും പറഞ്ഞ് കരച്ചില്‍ ആരംഭിച്ചതോടെ പരാതിക്കാരി തനിക്ക് കേസില്ലെന്ന് അറിയിച്ചു. ഇതോടെ പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാന്‍ സി ഐ നിര്‍ദേശിച്ചു. ഇതിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

കനാലിലൂടെ ഒഴുകി എത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവെച്ച കൈലി ഉടുത്ത് കനാലിലേക്ക് ഇറങ്ങി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയ പത്തനാപുരം സിഐ അന്‍വറാണ് ഈ കേസും കൈകാര്യം ചെയ്തത്.