ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തി കൊന്നു. പ്രതി അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകളിൽ ഇരട്ട കൊലപാതകം ( double murder ). ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തി കൊന്നു. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചുമട്ട് തൊഴിലാളിയായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു ( police custody ).

പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു. സ്വന്തം കുടുംബത്തടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. രാത്രി ഒമ്പത് മണിയോടെ ഭാര്യ വീട്ടിലെത്തിയ അരുണ്‍, ഭാര്യയുടെ സഹോദരനുമായി വാക്കുതർക്കത്തിലായി. ഇതിനിടെ, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. തടയാന്‍ എത്തിയ അച്ഛനെയും പ്രതി ആക്രമിക്കുകയായിരുന്നു. കുട്ടിയെ എഴുത്തിലിരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചത്.

മദ്യലഹരിയിലായിരുന്നു പ്രതി എന്നാണ് പ്രാഥമിക വിവരം. സുനിലിന് കഴുത്തിലും അഖിലിന് നെഞ്ചിലുമാണ് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.