തൃശൂർ: വലപ്പാട് യുവാവ് കുത്തേറ്റ് മരിച്ചു. വലപ്പാട് കോതകുളം പള്ളിത്തറ കോളനിയിലുള്ള ഭാര്യവീട്ടിലെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി കോലാട്ട് പുരയ്ക്കൽ ജോഷിയാണ്  കുത്തേറ്റ് മരിച്ചത്. 
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. 

ജോഷിയുടെ ഭാര്യ വീടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുതുവീട്ടിൽ സനൽ ആണ് കുത്തിയത്. സനലിന്റെ വീട്ടിൽ തർക്കം നടക്കുന്നത് അന്വേഷിക്കാനെത്തിയ ജോഷിയെ, കത്തികൊണ്ട്  കുത്തുകയായിരുന്നു. കുത്തേറ്റ ജോഷിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.  കുത്താനുപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട എസിപി പിആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറൻസിക്ക് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.