നോയിഡ: 21 വയസ്സുകാരനെയും 20 കാരിയെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ചയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട വിവാഹിതയായ യുവതിയും അവിവാഹിതനായ ചെറുപ്പക്കാരനും തമ്മില്‍ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലാണെന്ന് പൊലിസ് കണ്ടെത്തി. എന്നാല്‍ ഇവര്‍ പരസ്പരം വെടിയുതിര്‍ത്തതാണോ, ഇരുവരിലൊരാള്‍ കൊലചെയ്തതാണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇരുവരും ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. 

''രണ്ടുപേരും അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. യുവതി വിവാഹിതയായിരുന്നുവെന്നതിനാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. ഇതാകാം സംഭവത്തിലേക്ക് നയിച്ചത്. വെടിയുതിര്‍ക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. '' - സെന്‍ട്രല്‍ നോയിഡ ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.