തൊണ്ടയാട് ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. അവിടെ സഹപ്രവർത്തകനായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ വിവാഹം നിശ്ചയിച്ച യുവതിയെ കുളത്തില്‍ (pond) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് (police) അന്വേഷണം തുടങ്ങി. കൊളത്തറ സ്വദേശി സ്വർഗയുടെ മൃതദേഹമാണ് കൈഞെരമ്പ് മുറിച്ച നിലയില്‍ വീടിന് സമീപത്തെ കണ്ണാട്ടികുളത്ത് കണ്ടെത്തിയത്. സംഭവത്തില്‍ നല്ലളം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

രാത്രി മുതല്‍ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ രാവിലെ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ തുടരുന്നതിനിടെയാണ് വീടിന് സമീപത്തെ കുളത്തില്‍ പ്രദേശവാസിയായ കുട്ടി സ്വർഗയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന്‍റെ കൈഞരമ്പ് മുറിഞ്ഞ് ചോരവാർന്ന നിലയിലായിരുന്നു. തുടർന്ന് ഫറോക്ക് അസി. കമ്മീഷണറുടെ നേതൃത്ത്വത്തില്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സ്വർഗയുടെ മുറിക്കകത്തും ചോര കണ്ടെത്തി. കൈഞെരമ്പ് മുറിച്ച ശേഷം ആത്മഹത്യക്കായി കുളത്തില്‍ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ആഴ്ചയായിരുന്നു സ്വർഗയുടെ വിവാഹ നിശ്ചയം. ജനുവരിയിലാണ് ഫറോക്ക് സ്വദേശിയുമായുള്ള വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊണ്ടയാട് ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിലായിരുന്നു സ്വർഗ ജോലി ചെയ്തിരുന്നത്. അവിടെ സഹപ്രവർത്തകനായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. യുവതിയുടെ ഫോൺ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നല്ലളം പൊലീസ് അറിയിച്ചു.