പനജി: യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പമെത്തിയ യുവാവിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്. ഹിമാചല്‍ സ്വദേശിയായ അല്‍ക സൈനിയാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗോവയിലെ നക്ഷത്രഹോട്ടലിലാണ് 25 കാരിയുടെ മ്യതദേഹം കണ്ടെത്തിയത്. ഈ മാസം 20 ന് ആണ്‍സുഹൃത്തിനോടൊപ്പമാണ് യുവതി ഗോവയിലെത്തിയത്.

ഇന്നലെ മുറി വൃത്തിയാക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കത്തി കൊണ്ട് കുത്തിയ മുറിവുണ്ട്. മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പനജിയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല.

എന്നാല്‍, മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് രണ്ട് പേര്‍ മുറിയില്‍ നിന്നിറങ്ങി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയോടൊപ്പമെത്തിയ സുഹ്യത്തിനെ കണ്ടെത്താനായി എല്ലാ ബസ് സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടിലും അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.