മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഒരു കിലോ 90 ഗ്രാം സ്വർണവുമായെത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായിലാണ് പിടിയിലായത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ എത്തിയത്.

കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശിയെ  സ്വര്‍ണ്ണവുമായി പിടികൂടിയിരുന്നു. മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനെയാണ്  832 ഗ്രാം സ്വർണവുമായി കസ്റ്റംസ് പിടികൂടിയത്.   ഇന്നലെ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ പുരുഷ ക്യാബിൻ ക്രൂവും കസ്റ്റംസിന്‍റെ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം മിശ്രിത സ്വർണ്ണം പിടികൂടി. 

ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്സ് 1346 എന്ന വിമാനത്തിലെ ക്യാബിൻ ക്രൂവിനെയാണ് കോഴിക്കോട് ഡിആർഐ പിടികൂടിയത്. ഇതേ വിമാനത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച അഞ്ച് യാത്രക്കാരും പിടിയിലായി. ഇവരിൽ നിന്ന് ഏഴ് കിലോ മിശ്രിത സ്വർണ്ണവും പിടിച്ചെടുത്തിരുന്നു.