ഫേസ്ബുക്ക് വീഡിയോ കോളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. 

എടത്വാ: വ്യാജ ഫേസ്ബുക്ക് അകൗണ്ട് ഉപയോഗിച്ച് വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖിലാണ് (28) എടത്വാ പോലീസിന്റെ പിടിയിലായത്. എടത്വാ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. 

ഫേസ്ബുക്ക് വീഡിയോ കോളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. 

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു. പ്രതിക്കെതിരെ പോസ്‌കോ, ഐറ്റി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.