കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്.
 
അഞ്ചൽ കുരുവിക്കോണം സ്വദേശിയായ ഇരുപതുകാരൻ സുധിയാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബർ മാസം പതിനെട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പരീക്ഷ എഴുതാനായി പോയ പെൺകുട്ടിയെ ചടയമംഗലത്ത് സ്കൂളിന് സമീപത്ത് വച്ച് ശല്യപ്പെടുത്തുകയും എതിർത്തതിനെ തുടർന്ന് പ്രതി പെൺകുട്ടിയെ മുഖത്ത് അടിക്കുകയുമായിരുന്നു. 

പെൺകുട്ടിയുടെ രക്ഷകർത്താക്കൾ ചടയമംഗലം പോലീസിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പക്ഷേ ഇയാൾ ഒളിവിൽ പോയി. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊല്ലം പുന്നലയിലെ യുവാവിന്‍റെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. മുൻപും ഈ പെൺകുട്ടിയെ ശല്യം ചെയ്തതിന് അഞ്ചൽ പോലീസ് സ്റ്റേഷനിൽ പലതവണ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.