കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഇടതു കാലിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരമാണ്  പൊട്ടിച്ചെടുത്തത്.  

ആലപ്പുഴ: വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പടനായർ കുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്. കായംകുളത്ത് കഴിഞ്ഞ 22 ന് പുലർച്ചെ മൂന്നരക്കാണ് സംഭവം നടന്നത്. കായംകുളം പെരിങ്ങാലയിൽ ലേഖ മുരളീധരന്റെ വീട്ടിലായിരുന്നു മോഷണം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മകൾ മയൂരിയുടെ ഇടതു കാലിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരമാണ് അൻഷാദ് പൊട്ടിച്ചെടുത്തത്.

ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൂടി കൈ കടത്തിയാണ് യുവാവ് പാദസരം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാലില്‍ കിടന്ന പാദസരം പ്രതി വലിച്ചു പൊട്ടിക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ് പ്രതി കരുനാഗപ്പള്ളി സ്വദേശി അൻഷാദിനെ പൊലീസ് പിടികൂടിയത്. രണ്ടാം കുറ്റി ഭാഗത്ത് ഇറച്ചി കടയിൽ ജോലി ചെയ്യുന്ന ആളാണ് അൻഷാദെന്ന് പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി അന്‍ഷാദാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചു പറി കേസുകള്‍ നിലവിലുണ്ട്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

ഇതിനിടെ പാലക്കാട് സര്‍ക്കാര്‍ സ്കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിലെ പ്രതിയെയും പൊലീസ് പൊക്കി. തമിഴ്നാട്, മൈലേരിപാളയം ഐ ഷെമീറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിപ്പാറ സർക്കാർ സ്കൂളിൻ്റെ ഓഫീസ് കുത്തിത്തുറന്നാണ് ഇയാള്‍ ലാപ്ടോപ് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മൂന്ന് ലാപ്ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയാണ് പ്രതി ഓഗസ്റ്റ് 25ന് മോഷ്ടിച്ചത്.

നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ ആയിരുന്നു ഷെമീര്‍. ജൂലൈയിലാണ് ഇയാള്‍ ആ കേസില്‍ ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് ശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമന്നും പൊലീസ് അറിയിച്ചു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.