കൊച്ചി: യൂബര്‍ ഓൺലൈൻ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷാണ് അരകിലോ ഹാഷിഷുമായി കൊച്ചി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
രണ്ടുമാസം മുന്‍പാണ് നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ഓരാള്‍ കൈയിലുണ്ടായിരുന്ന യൂബര്‍ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. 

തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഓൺലൈന്‍ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ എക്സൈസ് ഇന്‍റലിജന്‍സ് സംഘം പ്രത്യേകം പരിശോധനകള്‍ തുടങ്ങിയത്.

സുഹൃത്തിന്‍റെ യൂബര്‍ രജിസ്ട്രേഷന്‍ ഉപയോഗിച്ചാണ് നികേഷ് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത്. എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ ന്യൂജെന്‍ മയക്കുമരുന്നുകളും ഇയാള്‍ വില്‍പന നടത്തിയിരുന്നു. ഓൺലൈന്‍ മാർക്കറ്റിങ്ങിനെന്ന പേരില്‍ കലൂരില്‍ ഹോസ്റ്റല്‍മുറി വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

ഫോർട് കൊച്ചി കാല്‍വത്തിയിലെ ബോട്ട്ജെട്ടിക്ക് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. ഗോവയില്‍നിന്നാണ് ഹാഷിഷ് എത്തിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓൺലൈന്‍ സർവീസിന്‍റെ മറവില്‍ നടക്കുന്ന മയക്കുമരുന്ന് വില്‍പ്പനക്കാർക്കായുള്ള പരിശോധന തുടരുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.