തൃശൂർ-എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ-കൊല്ലം ഭാഗങ്ങളിലേക്കും തിരികെയും പോകുന്ന ചരക്ക് ലോറികളെ കൈകാണിച്ചു കയറിപ്പറ്റിയാണ് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയത്.
ചേർത്തല: ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ചരക്ക് ലോറുകളിൽ കയറിപ്പറ്റി ഡ്രൈവർമാരിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തു കൊണ്ടിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ചേർത്തല മുൻസിപ്പൽ നാലാം വാർഡിൽ വേലംപറമ്പ് വീട്ടിൽ ഷമീർ (38) നെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ-എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ-കൊല്ലം ഭാഗങ്ങളിലേക്കും തിരികെയും പോകുന്ന ചരക്ക് ലോറികളെ കൈകാണിച്ചു കയറിപ്പറ്റിയാണ് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയത്.
തന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ഒരു കോൾ ചെയ്യുന്നതിന് ഫോൺ തരണമെന്നും ആവശ്യപ്പെട്ട ശേഷം ഫോൺ കൈക്കലാക്കി കോൾ ചെയ്യാൻ എന്ന വ്യാജേന പുറത്തിറങ്ങിയശേഷം കടന്നു കളയുകയായിരുന്നു ഇയാളുടെ രീതി. മോഷ്ടിച്ച ഫോണുകൾ കേരളത്തിലെ വിവിധ മൊബൈൽ ഷോപ്പുകളിലായി ഇയാളുടെ ഐഡി പ്രൂഫ് ഉൾപ്പെടെ നൽകി വിൽപ്പന നടത്തും. കഴിഞ്ഞദിവസം ചേർത്തല പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ചരിത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ വി ബെന്നിയുടെ നേതൃത്വത്തിൽ ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബി വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ വി ജെ ആന്റണി, ആർ എൽ മഹേഷ്, സീനിയർ സിപിഒ മാരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, അനീഷ്, കിഷോർ ചന്ത്, സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : ഇന്നും പെരുമഴ; സംസ്ഥാനത്ത് 5 ജില്ലകളിൽ അവധി, 2 ജില്ലകളിൽ ഭാഗീക അവധി, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി, വിവരങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

