കൊച്ചി: കൊച്ചി നാവിക സേന ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ ചമഞ്ഞ് നടന്നയാളെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ രാജാ നാഥിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്നുകാരനായ ഇയാൾ നാവിക സേന ഉദ്യോഗസ്ഥനെന്ന വ്യാജേന പല സ്ഥലങ്ങളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നു. 

ഇത് ശ്രദ്ധയിൽപ്പെട്ട നാവിക സേന ഉദ്യോഗസ്ഥർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. നാവിക സേനയിലെ യൂണിഫോമുകളും ബാഡ്ജുകളും ഇയാൾ താമസിച്ചിരുന്ന തേവരയിലെ വീട്ടിൽ നിന്ന് കണ്ടെത്തി. തേവരയിലെ തയ്യൽ കടയിൽ നിന്നാണ് ഇയാൾ നാവിക സേന ഉദ്യോഗസ്ഥരുടേത് പോലെയുള്ള യൂണിഫോമുകൾ തയ്പ്പിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

നാവിക സേന ഉദ്യോഗസ്ഥനെന്ന പേരിൽ ഇയാൾ ടിക് ടോക്കിൽ നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരക്ഷ മുൻനിർത്തി ആർമ്ഡ് ഫോഴ്സസിന്റെ യൂണിഫോമുകളുടെ അനധികൃത വിൽപ്പന വിലക്കണമെന്ന് നാവിക സേന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും.