മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ്
കൊച്ചി: മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്.
പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്. ഐ ജഗതികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫിസര്‍ ബേബിലാല്‍, മനു, പ്രിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലൂറ്റ് ചാപ്പാറ പുതുവീട്ടില്‍ നായിഫി (21)നെയാണ് പോക്സോ ചുമത്തി കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടില്‍ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ ബൈജു ഇ.ആറിന്റെ നേതൃത്വത്തില്‍, എസ്.ഐ. ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, ജെയ്സന്‍, സി.പി.ഒമാരായ രാജന്‍, ഫൈസല്‍, സുജീഷ്, ഗോപകുമാര്‍ പി.ജി. എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

