വീടിന്റെ ടെറസിൽ രണ്ട് ദിവസം തങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാർ പറയുന്നത്.

തൃശൂർ: തൃശൂർ വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വീടിന്റെ ടെറസിൽ നിന്ന് യുവാവിനെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന്റെ ടെറസിൽ രണ്ട് ദിവസം തങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാർ പറയുന്നത്. തിരുവല്ലസ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പറയാൻ യുവാവ് കൂട്ടാക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

വടക്കാഞ്ചേരി ടൗണിൽ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാർ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് തെരച്ചിൽ ഉപേക്ഷിച്ചു.

ഇന്നലെ രാവിലെ അടുക്കളയിൽ നിന്നിരുന്ന പ്രസീദ ജനലിന് പുറത്ത് ആൾപ്പെരുമാറ്റം ശ്രദ്ധിച്ചു. ഇതോടെ ഭർത്താവുമായി പുറത്തിറങ്ങി തെരച്ചിൽ നടത്തുകയായിരുന്നു. ടെറസിന് മുകളിലെത്തിയപ്പോൾ ടെറസ് ഡോർ തുറന്നു കിടക്കുന്നത് കണ്ടു. പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യമായാൾ ഓടി മാറാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ചേർന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പ്രതിയെ താഴെയെത്തിച്ചു. ടെറസിലെ ഓട് ഇളക്കിയിട്ടുണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് പ്രതി പറയുന്നത്. ലഹരിക്കടിമയാണോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുടെ ലക്ഷ്യമെന്താണെന്നറിയാൻ വിശദമായ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിശദമായ അന്വേഷണം നടത്തി യുവാവിന്റെ പേര്, വിലാസം, മറ്റ് വിവരങ്ങൾ എന്നിവ കണ്ടെത്താനുള്ള ഊർജിത പരിശ്രമങ്ങൾ അന്വേഷണ സംഘം നടത്തുന്നുണ്ട്. 

യുകെയിൽ 20കാരനായ ഇന്ത്യൻ വിദ്യാർത്ഥിയുടെ ക്രൂരത; മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു, 6 വർഷം തടവ് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player