നീലഗിരി: നീലഗിരിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചു. നാട്ടുകാരാണ് ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്. വടിവാളുമായി പ്രദേശത്ത് ഭീതി വിതച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ അയല്‍വീടുകളിലേക്കും യുവാവ് വടിവാളുമായി ഓടികയറി. സ്വബോധം നഷ്ടമായ യുവാവ് നീലിഗിരിയെ മണിക്കൂറുകളോളം ഭീതിയിലാക്കി. 

യുവാവ് അക്രമാസക്തനായതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെല്ലിങ്ടണിലെ രാജാറാം എന്ന യുവാവാണ് മാതാപിതാക്കളായ രാമചന്ദ്രനെയും  റാണിയേയും ആക്രമിച്ചത്. ലഹരി ഉപയോഗിച്ചതിന് യുവാവിനെ വഴക്കുപറഞ്ഞതായിരുന്നു കാരണം. കഴുത്തിലും കൈകളിലും വെട്ടേറ്റ ഇരുവരുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഒരുവിധം രക്ഷിച്ചത്. ഇതോടെ യുവാവിന്‍റെ ആക്രമണം നാട്ടുകാര്‍ക്ക് നേരെയായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു ഊട്ടി ജയിലേക്കയച്ചു. കഴുത്തിന് പരിക്കേറ്റ രാമചന്ദ്രന്‍റെയും റാണിയുടേയും നില ഗുരുതരമാണ്. ഇരുവരെയും രക്ഷിക്കാനെത്തിയ നാല് പ്രദേശവാസികള്‍ക്കും സാരമായി പരിക്കേറ്റു.