കൊച്ചി: എറണാകുളം പുത്തൻകുരിശിൽ യുവാവിനെ മൂന്നംഗം സംഘം വീട്ടിൽ കയറി മർദ്ദിച്ചു. സംഘത്തിലൊരാളുടെ സുഹൃത്തായ പെൺകുട്ടിക്ക് മൊബൈലിൽ സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.

മൂന്നംഗ സംഘം യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്ക് ആദ്യം കയ്യേറ്റം ചെയ്തു. പിന്നെ സമീപത്തു കിടന്ന വടിയെടുത്ത് അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തു. പുത്തൻകുരിശിനു സമീപം മോനിപ്പള്ളി സ്വദേശിയായ അജിത്തിനാണ് മർദ്ദനമേറ്റത്.  

മർദ്ദനമേറ്റ അജിത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദൃശ്യങ്ങൾ കണ്ട പുത്തൻ കുരിശ് പൊലീസ് അജിത്തിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കരിമുകൾ സ്വദേശികളായ സിദ്ധാർത്ഥ്, നിബിൻ, രഞ്ജൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് അജിത് മൊഴി നൽകിയിരിക്കുന്നത്.  മർദ്ദിച്ചവരിൽ ഒരാളായ സിദ്ധാർത്ഥും അഭിജിത്തും പരിചയക്കാരാണ്. ഇയാളുടെ സുഹൃത്താണ് പെൺകുട്ടി. അജിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്നിൽ പെൺകുട്ടിയെ ടാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

പ്രതികൾക്ക് ഒപ്പമെത്തിയവർ തന്നെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്. മർദ്ദനത്തിന് ഇരയായ അജിത്ത് മുമ്പ് മോഷണ കേസുകളിലും കഞ്ചാവ് വിൽപ്പന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.